തോർത്തിൽ പൊതിഞ്ഞ നിധി നെഞ്ചോട് ചേർത്ത് ജീവൻപണയം വെച്ച് ഓടുകയാണ്, പുറകെ നാട്ടുകാരുടെ കൂക്കുവിളികൾ കേൾക്കാം. ഇടവഴിയുടെ ഇരുവശങ്ങളിലുമായി ഒരാൾ പൊക്കത്തിൽ കൊട്ടാരത്തിന്റെ മതിലുകൾ. മറുവശത്തുനിന്ന് ആരോ ഓടി വരുന്നുണ്ട്... മതിൽപൊത്തിന്റെ ഇളകിനിന്ന കല്ല് മറച്ചിട്ട് കൊട്ടാരവളപ്പിലേക്ക് ചാടി.
ഏതാനും നിമിഷങ്ങൾ.....
മതിലിനപ്പുറം, അമ്പലത്തിൽ കയറിയ കള്ളനെ തിരഞ്ഞോടുന്ന നാട്ടുകാരുടെ ആർത്തുവിളികൾ. ശ്വാസം അടക്കിപ്പിടിച്ച് കണ്ണുകളടച്ചിരുന്നു.
കണ്ണുതുറന്നപ്പോൾ വെളിച്ചം വീണുതുടങ്ങിയിരിക്കുന്നു, ഇനി ഇരുട്ടുവീഴാതെ ഇവിടെ നിന്ന് പോകാൻപറ്റില്ല. ഭാഗ്യം വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഈ കൊട്ടാരത്തിൽ എന്നെ ആരും അന്വേഷിക്കില്ല. എഴുന്നേറ്റ് കൊട്ടാരത്തിനടുത്തേക്ക് നടന്നു. ചെറുപ്പം മുതൽ ഇതിനകം ഒന്ന് കാണണം എന്ന് മോഹിച്ചതാണ്. ഭൂതമുണ്ട് പ്രേതമുണ്ട് എന്ന് പറഞ്ഞ് മുത്തശ്ശി വഴിയിൽ നിന്ന്പോലും നോക്കുവാൻ സമ്മതിക്കിലായിരുന്നു.
വാതിൽ തുറന്ന് അകത്തു കയറി വിശാലമായ അറകൾ. നൂറുകൊല്ലത്തെ പഴക്കം കണ്ടാൽ പറയില്ല. എല്ലാം കാലപ്പഴക്കം തോന്നിക്കാത്തവ. അതിവിചിത്രമായ മനോഹരമായ ഒരു പെട്ടി, കയ്യിലെടുത്തു നല്ല ഭാരം.
" അത് തിരുമുൽപ്പാടിന്റെയാണ്, വല്യ തിരുമുൽപ്പാടിന് ബ്രിട്ടിഷുകാർ കൊടുത്തതാണ് "
"ഞാൻ ശങ്കരൻ കാര്യസ്ഥനാണ്. തിരുമുൽപ്പാട് മഹാരാജാവിനെ കാണുവാൻ പോയിരിക്കുകയാണ്, രണ്ടുദിവസം കഴിയും തിരിച്ചെത്താൻ. "
"കയ്യിലെ ഭാണ്ഡം, ഭാരമുണ്ട് എന്ന് തോന്നുന്നു, ഇങ്ങ് തന്നോളൂ ഞാൻ സൂക്ഷ്ച്ചുകൊള്ളാം "
" കുഴപ്പമില്ല ഞാൻ പിടിച്ചുകൊള്ളാം "
"കുടിക്കാൻ എന്തെങ്കിലും, സംഭാരം എടുക്കട്ടേ ?"
"വേണ്ട"
"ഊണ് കാലായി, ആളെക്കൂട്ടിവരാൻ പറഞ്ഞിരിക്കുന്നു." (ഉണ്ണി)
"ഉണ്ണി എന്നാൽ ഇയ്യാളെക്കൂട്ടി ഊട്ടുപുരയിലേക്ക് നടന്നോളൂ..."
"അതെ.., കൂടെ ചെന്നോളൂ തിരുമുൽപ്പാടിന്റെ മകനാണ് "
ഊട്ടുപുരയിലേക്കുള്ള ഇടനാഴിയിലൂടെ നടക്കുമ്പോൾ ഉണ്ണി ഒരിടത്ത്അടുക്കിവെച്ചിരിക്കുന്ന അവന്റെ കളിപ്പാട്ടങ്ങൾ കാണിച്ചുതന്നു. അതിൽ വിമാനവും തീവണ്ടിയുമെല്ലാം ഉണ്ട്.
"ഉണ്ണി വിമാനം കണ്ടിട്ടുണ്ടോ?"
"ഇല്ല "
"തീവണ്ടിയോ?
"തീവണ്ടി കണ്ടിട്ടുണ്ട്. നിലമ്പൂരിൽ ആദ്യത്തെ തീവണ്ടി വന്നപ്പോൾ അച്ഛൻ എന്നെയും കൊണ്ടുപോയിരുന്നു "
ഉണ്ണിയുമായി സംസാരിച്ചപ്പോഴാണ് മനസ്സിലായത്, കളിപ്പാട്ടങ്ങൾ എല്ലാം അവനെ പഠിപ്പിക്കുവാൻ വന്ന വിദേശികളായ അധ്യാപകർ സമ്മാനിച്ചതാണ്.
ഊട്ടുപുരയിൽ എനിക്കായ് വിരിച്ചിട്ട പായയുടെ എതിർ ദിശയിൽ പൂണൂൽ ധരിച്ച തടിയനായ ഒരാൾ ആസ്വദിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.
ഇലയിട്ടു, ഉപ്പും എള്ളും വിളമ്പി.
ഇതെന്താ എള്ളോ?
മറുപടിയായി എതിർ ദിശയിൽ ഇരിക്കുന്നയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും ഒരു ശബ്ദവും എന്റെ കാതുകളിലേക്ക് എത്തിയില്ല.
വിളമ്പിയതും കഴിച്ചതും ഞാനറിഞ്ഞില്ല. കൈ കഴുകുവാനായി ഉണ്ണി നടുത്തളത്തിലേക്ക് വഴി കാണിച്ചു.
"നിങ്ങൾ അന്വേഷിക്കുന്നത് എവിടെയാണ് ഉള്ളതെന്ന് എനിക്കറിയാം "
"എന്ത് "
" വരൂ കാണിച്ചുതരാം "
ഏതെല്ലാമോ ഇടനാഴിയിലൂടെ ഉണ്ണി എന്നെ കൈപിടിച്ചുകൊണ്ടുപോയി. എത്തിച്ചേർന്നത് വലിയ ഒരു നിലവറയുടെ മുന്നിൽ.
നിലവറ പൂട്ടിയിട്ടിരിക്കുന്നു. താക്കോൽ എവിടെ എന്ന ചോദ്യത്തിന് അവൻ എന്റെ തോർത്തിലേക്ക് വിരൽചൂണ്ടി. തോർത്തഴിച്ച് പെട്ടി പുറത്തെടുത്തു. മുൻപ് തിരുമേനിയുടെ അറയിൽ കണ്ട അതെ പെട്ടിപോലിരിക്കുന്നു. പെട്ടിക്കുള്ളിലെ താളിയോലകൾക്കിടയിൽനിന്ന് താക്കോലെടുത്തു.
തലയുയർത്തി നോക്കിയപ്പോൾ ഉണ്ണിയെകാണുന്നില്ല. അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് ആ മുറിക്ക് വാതിലുകളില്ല. ആകെയുള്ളത് നിലവറയുടെ വാതിൽ മാത്രം. എത്രയും പെട്ടെന്ന് പുറത്തുകടക്കണമെന്നായി. പൂട്ടുമായി മല്ലിട്ട് വാതിൽ തുറന്നു.
വെളിച്ചം, കണ്ണിൽ തറച്ചുകയറുന്നു... കണ്ണുകൾ തുറന്നുപിടിക്കാനാവുന്നില്ല... കണ്ണുകൾ മുറുക്കി അടച്ചു.
"എടോ... എഴുന്നേൽക്കേടോ .. "
ഏറെ പണിപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.
"അമ്പലമുറ്റത്താണോടോ മദ്യപിച്ച് വന്നുകിടക്കുന്നത് .."
"എന്താ തിരുമേനി അവിടെ ? "
"ഏതോ ഒരാൾ, ദേ പടിക്കൽ കിടക്കുന്നു , കുടിച്ചിട്ടുണ്ടെന്ന് തോന്നുന്നു."
"ഇല്ല ഞാൻ കുടിച്ചിട്ടില്ല . "
" എന്നാ എഴുന്നേറ്റു പോവുക, നട തുറക്കാൻ സമയമായി. "
നടന്നതെന്തെന്ന് ഓർത്തെടുക്കാനാവാതെ ഞാൻ കൊട്ടാരമതിലുകൾക്കിടയിലൂടെ നടന്നു......

Comments
Post a Comment